ഔദ്യോഗിക പൊതു അറിയിപ്പ്

                              ഔദ്യോഗിക പൊതു അറിയിപ്പ്

വിഷയം: KSPCB അംഗീകൃത 100% കോട്ടൺ/പോളിഎത്തലീൻ ബാനർ മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നത് സംബന്ധിച്ച്.

സൂചന:

  1. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ 10-08-2026-ലെ LSGD/PD/36102/2025-SWAG4 നമ്പർ ഉത്തരവ്.

  2. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (KSPCB) ഉത്തരവുകൾ.

ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ പൊതുജനങ്ങളുടെയും വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും വ്യാപാരികളുടെയും പ്രിന്റിംഗ് സ്ഥാപനങ്ങളുടെയും ശ്രദ്ധയ്ക്കായി താഴെ പറയുന്ന വിവരങ്ങൾ അറിയിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ബാനറുകൾ, ഹോർഡിംഗുകൾ, ബോർഡുകൾ എന്നിവയുടെ നിർമ്മാണത്തിനും ഉപയോഗത്തിനുമായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (KSPCB) അംഗീകരിച്ച 100% കോട്ടൺ അല്ലെങ്കിൽ പോളിഎത്തലീൻ (Polyethylene) മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ:

  1. വ്യക്തിഗത ആവശ്യങ്ങൾക്കോ, വിവിധ സംഘടനകൾ/ക്ലബ്ബുകൾ/ട്രസ്റ്റുകൾ/സ്ഥാപനങ്ങൾ എന്നിവയുടെ പരിപാടികൾക്കോ ബാനറുകൾ തയ്യാറാക്കുമ്പോൾ KSPCB അംഗീകൃത കോട്ടൺ / പോളിഎത്തലീൻ ബാനറുകൾ മാത്രമേ പ്രിന്റ് ചെയ്ത് ഉപയോഗിക്കാൻ പാടുള്ളൂ.

  2. പരിസ്ഥിതിക്ക് ഹാനികരമായ പി.വി.സി ഫ്ലെക്സുകൾ, നിരോധിത പ്ലാസ്റ്റിക് മെറ്റീരിയലുകൾ എന്നിവ ബാനറുകൾക്കായി ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

  3. ഇലന്തൂർ ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന പ്രിന്റിംഗ് പ്രസ്സുകളും പ്രിന്റിംഗ് ഷോപ്പുകളും KSPCB അംഗീകരിച്ച വിതരണക്കാരിൽ നിന്നുള്ള സാമഗ്രികൾ മാത്രമേ പ്രിന്റിംഗിനായി ഉപയോഗിക്കാവൂ.

നിരോധിത ഫ്ലെക്സ്/പി.വി.സി മെറ്റീരിയലുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം ബാനറുകൾ നീക്കം ചെയ്യുകയും, പ്രിന്റ് ചെയ്ത സ്ഥാപനങ്ങൾക്കും ഉപയോഗിച്ചവർക്കുമെതിരെ നിയമപരമായ കർശന നടപടികളും പിഴയും ഈടാക്കുന്നതുമാണ്.

പരിസ്ഥിതി സൗഹൃദപരമായ ഈ സംരംഭത്തോട് ഇലന്തൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളും പൂർണ്ണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.