ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചെന്നീര്‍ക്കര സ്വരൂപവും, പന്തളവും, ആറന്‍മുളയും ചുറ്റും നില്‍ക്കുന്ന ഇലന്തൂരിന് ചരിത്രപരമായി സവിശേഷതകള്‍ അനവധിയുണ്ട്. ആദ്യകാലസംസ്കാരത്തിന്റെ ഭാഗമായിരുന്ന നാഗാരാധനയും, കാവുകളും ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു. തമിഴിന്റേയും സംസ്കൃതത്തിന്റേയും സ്വാധീനത്തില്‍നിന്ന് മലയാളഭാഷ മോചിതമാവുന്നതിന് മുമ്പ് സ്വീകരിച്ച പദങ്ങളുടെ അവിശിഷ്ടങ്ങള്‍ ഈ ഗ്രാമത്തിന്റെ പേരിനെ ചൂഴ്ന്നു നില്‍ക്കുന്നു.  “ഊര് “ എന്ന പദം ചേര്‍ന്നു വരുന്ന ഇലന്തൂര് “ഇല്ലത്തൂര്” ആയിരുന്നു. ബ്രാഹ്മണ സമൂഹത്തിന്റെ താവളമായിരുന്നു ഈ ഗ്രാമം. പാണ്ഡ്യദേശത്തില്‍നിന്നും പന്തളത്തു കുടിയേറി സിംഹാസനമുറപ്പിച്ച രാജവംശത്തിന്റെ സ്വപ്നഭൂമിയായിരുന്നു ഇവിടം. കുന്നുകളും, താഴ്വരകളും കൈത്തോടുകളും ഏറെയുള്ള ഇവിടം സമ്പുഷ്ടമായ കൃഷിഭൂമിയായിരുന്നു. ഭൂമിയുടെ ആധിപത്യം ബ്രാഹ്മണ-നായര്‍ മേധാവിത്വത്തിന്റെ അധീശത്വത്തിലായിരുന്ന കാലത്തും വളരെ പ്രശ്സതമായ ഒരു കാര്‍ഷിക ചരിത്രം ഇലന്തൂരിന്നുണ്ട്. എന്നാല്‍ എടുത്തുപറയത്തക്ക നാട്ടുപ്രമാണിയോ, പ്രതാപിയോ ഇവിടെ ഉണ്ടായിരുന്നില്ല. ഭൂമി കൈവശമുണ്ടായിരുന്ന ഉടമകള്‍പോലും കാര്‍ഷികാഭിവൃദ്ധിയില്‍  മാത്രം ദത്തശ്രദ്ധരായിരുന്നതായി കാണാം. കാര്‍ഷിക തൊഴിലാളികളെ ഇവിടെ ക്ഷണിച്ചുവരുത്തി താമസിപ്പിച്ചിരുന്നതായി തന്നെ കരുതാം. തന്മൂലം ഗ്രാമത്തിലെ കോളനികളുടെ എണ്ണം അദ്ഭുതാവഹമാണ്. കൃഷിപ്പണിക്ക് എത്തിയവര്‍ കൂട്ടമായി താമസിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണ് ഈ കോളനികള്‍. ചേരമാന്‍ പെരുമാളിന്റെ കാലത്ത് “പന്ത്രണ്ടുവാഴുന്നവരുടെ കൂട്ടത്തിലുള്ള” ചെങ്ങന്നൂര്‍ അയ്യായിരത്തില്‍പെട്ടതായിരുന്നു ഇലന്തൂര്‍. ചേരമാന്‍ പെരുമാളന്‍മാരുടെ കാലശേഷം  നാട്ടുരാജ്യസ്ഥാപനവും, തുടര്‍ന്ന് പന്തളം രാജാവിന്റെ അധീനതയിലുമാണ് ഗ്രാമം നിലനിന്നത്. രാജാവിന്റെ പ്രതിനിധിയും അദ്ദേഹത്തിന്റെയും, രാജ്യത്തിന്റേയും സുരക്ഷാക്രമീകരണങ്ങളും ഇവിടെ നിലനിന്നിരുന്നു. ‘കൊട്ടാരത്തില്‍’ എന്ന വീട്ടുപേര്  സൂചിപ്പിക്കുന്ന സ്ഥലത്ത് ആ രാജകീയോദ്യോഗസ്ഥന്‍ താമസിച്ചിരുന്നു. ‘കോട്ടയ്ക്കകം ‘എന്ന വീടിന്റെ സ്ഥാനത്ത് കോട്ട നിലനിന്നിരുന്നു. ചുടുകാട്ടില്‍ എന്ന സ്ഥലത്ത് ശ്മശാനവും ഉണ്ടായിരുന്നു. രണ്ടു പ്രധാന പുണ്യക്ഷേത്രങ്ങളായ  ആറന്‍മുളയേയും ഓമല്ലൂരിനേയും ബന്ധിപ്പിക്കുന്ന സഞ്ചാരമാര്‍ഗ്ഗം ഇലന്തൂരിലൂടെ കടന്നുപോയിരുന്നു. അതുകൊണ്ടുതന്നെ തീര്‍ത്ഥവാഹകസംഘങ്ങളുടേയും മോക്ഷാര്‍ത്ഥികളുടേയും ഒരു ഇടത്താവളം എന്നതിലുപരി പ്രകൃതി സൌന്ദര്യവും, സ്വച്ഛതയും ഇവിടുത്തെ സവിശേഷതകളായി ഇന്നും നിലനില്‍ക്കുന്നു. രണ്ടു ചുമടുതാങ്ങികളും ഒരു വഴിയമ്പലവും ഇതിന്റെ സ്മാരകങ്ങളായി ഇന്നും നിലവിലുണ്ട്. ഇലന്തൂരിലെ ആയിരത്തോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് ശ്രീഭഗവതികുന്ന് ദേവീക്ഷേത്രം. നിരവധി കോവിലകങ്ങള്‍ നിലവിലുണ്ടായിരുന്ന ഇവിടുത്തെ ഒരു കോവിലകത്തിന്റെ കുലദേവതയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സര്‍വ്വഹിന്ദുക്കള്‍ക്കും പണ്ടുകാലം മുതല്‍ പ്രവേശനമുള്ള ക്ഷേത്രമാണിത്. പ്രാചീനകലാരൂപമായ പടയണി ഇവിടുത്തെ പ്രധാന അനുഷ്ഠാനമാണ്. കേരളത്തിലെ അപൂര്‍വ്വം ധന്വന്തരീ ക്ഷേത്രങ്ങളില്‍ ഒന്ന് ഇലന്തൂരിലാണ്. പരിയാരത്തെ ധന്വന്തരി ക്ഷേത്രം ആയിരം വര്‍ഷത്തോളം പഴക്കമുള്ളതാണ്. ഇലന്തൂരിലെ ഏറ്റവും പഴക്കമുള്ളതും പ്രശസ്തങ്ങളുമായ രണ്ടു മലകള്‍ നാമക്കുഴിയും-കൊട്ടതട്ടിയും ആണ്. ഇവിടെ അജ്ഞാതവാസക്കാലത്ത് പാണ്ഡവര്‍ പാര്‍ത്തിരുന്നതായി ഐതിഹ്യവുമുണ്ട്.  കൊല്ലവര്‍ഷം 993-ല്‍ പുന്നത്ര മാര്‍ദീവാന്ന്യാസോസ് കുരിശുവച്ച് കുര്‍ബ്ബാന അര്‍പ്പിച്ച രണ്ടു പള്ളികള്‍ ഇലന്തൂരിലുണ്ട്, കുമാരനല്ലൂര്‍ ദേവാലയവും പരിയാരം ദേവാലയവും. കാരൂര്‍ ഓര്‍ത്തഡോക്സ് പള്ളി, ഇലന്തൂര്‍ സി.എസ്.ഐ പള്ളി, കാത്തോലിക്കാപള്ളി, പുളിന്തിട്ട പള്ളി ഇവയും ഈ കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ പടയണി എന്ന കലാരൂപത്തിന്റെ അഭിവൃദ്ധിക്ക് ചിറപ്പുറത്ത്  ആശാനും, താളമേള വിദ്വാനായി ഇടിയലേമുറി കേശവന്‍ നായരും പഞ്ചായത്തിന്റെ സംഭാവനകളാണ്. കല്ലില്‍ കൊച്ചുരാമന്‍ വൈദ്യന്‍, പപ്പുകണിയാന്‍ എന്നിവര്‍ നാടകത്തിന്റേയും, ചിത്രമെഴുത്തിന്റെയും ഉന്നമനത്തിനു പരിശ്രമിച്ചു. കുമാര്‍ജി പ്രസിഡന്‍സി കോളേജില്‍ പഠിക്കുമ്പോള്‍ മദ്രാസിലെത്തിയ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ദേശീയ സ്വാതന്ത്ര്യസമരരംഗത്തേക്കു വന്നു. തിരുവിതാംകൂറില്‍ തിരിച്ചെത്തുകയും, തിരുവിതാംകൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുകയും, അതിന്റെ ആദ്യ സെക്രട്ടറിയാവുകയും ചെയ്തു. തുടര്‍ന്ന് സ്വദേശാഭിമാനിയുടെ പത്രാധിപര്‍ സ്ഥാനം രാജി വച്ചു. ഗാന്ധിജിയുടെ കേരള സന്ദര്‍ശനവേളകളില്‍ അദ്ദേഹത്തിന്റെ  പ്രസംഗപരിഭാഷകന്‍ കുമാര്‍ജി ആയിരുന്നു. അങ്ങനെ മഹാത്മജി ഇലന്തൂര്‍ സന്ദര്‍ശിക്കാനും കുമാര്‍ജി കാരണമായി. തിരുവിതാംകൂര്‍ രാജവംശം അനുവര്‍ത്തിച്ചുവന്ന ഭരണക്രമത്തിലുള്‍പ്പെട്ട മണ്ഡപത്തും വാതുക്കലിന്റെ ചെങ്ങന്നൂര്‍ ആസ്ഥാനത്തിലും ഇലന്തൂര്‍ ഉള്‍പ്പെട്ടിരുന്നു.